ബ്ലോക്ക് പഞ്ചായത്തിൻ്റെ ചരിത്രം
കോരപ്പുഴയുടെ വടക്ക് വളപട്ടണം പുഴവരെയും, അറബിക്കടൽ മുതൽ വയനാട് മല കർണ്ണാടക അതിർത്തിവരെയും പരന്നു കിടന്ന ഭൂപ്രദേശം ദീർഘകാലം കോട്ടയം രാജവംശം രാജവായ നടത്തിയ രാജ്യമായിരുന്നു. ഈസ്റ്റ് ഇന്ത്യാ കമ്പനി തലശ്ശേരിയിൽ മലഞ്ചരക്കുകൾ ശേഖരിച്ച് കയറ്റി അയക്കുന്നതിന് ഗോഡൗൺ സ്ഥാപിച്ചത് മുതൽ ഈ പ്രദേശം സംഘർഷ ഭരിതമായി. ആദ്യകാലത്ത് മാഹി കൈയടക്കി വച്ച ഫ്രഞ്ച്കാരുമായും പിന്നീട് കർണ്ണാടക ഭരിച്ചിരുന്ന മൈസൂർ സുൽത്താൻമാരുമായും ബ്രിട്ടീഷ് പട കൊമ്പുകോർത്തു. ബ്രിട്ടീഷ് സൈന്യത്തെ തുരത്താൻ വേണ്ടി മൈസൂർ രാജാവ് കൂടകു മല ഇറങ്ങി വരികയും ഘോരയുദ്ധങ്ങൾ നടത്തുകയും ചെയ്യുകയുണ്ടായി. ടിപ്പുവിന്റെ പതനത്തിനുശേഷം കോട്ടയം രാജാവിന്റെ അധീനതയിലുള്ള പ്രദേശങ്ങളിൽ ബ്രിട്ടീഷ് പട ഭരണത്തിന് മുതിർന്നത് പഴശ്ശിരാജാവിനെ പ്രകോപിപ്പിക്കുകയും പഴശ്ശി ബ്രട്ടനെതിരായി ധീരമായി ചെറുത്ത് നിൽപ് നടത്തുകയും ചെയ്തു. ഒടുവിൽ ബ്രിട്ടീഷ് പട സാക്ഷാൽ വെല്ലസ്തിയെത്തന്നെ കമാൻഡറാക്കി പഴശ്ശിയെ ചതിവിൽ 1905 ൽ കൊന്ന് പ്രദേശത്തിന്റെ പൂർണ്ണ ആധിപത്യം കൈകലാക്കി. നേർക്കുനേർ നിന്ന് പൊരുതിയ പ്രദേശങ്ങളാണ് പുറക്കളം (പോർക്കളം) കൂത്തുപറമ്പ് ടൗൺ, കണ്ണവം മുതലായ സ്ഥലങ്ങൾ
കൂത്ത് എന്ന കല നടത്തിവന്നിരുന്ന സ്ഥലം എന്ന നിലയിലാണത്രേ കൂത്തുപറമ്പ് എന്ന സ്ഥലപേർ വന്നത്. ഇവിടെ ഒരു മിലിട്ടറി കൻ്റോൺമെൻറ് ഉണ്ടായിരുന്നു. കൂടകിൽ നിന്നും, വയനാട്ടിൽ നിന്നും വിഭവങ്ങൾ സുഗമമായി തലശ്ശേരി തുറമുഖത്തേക്ക് എത്തിക്കാൻ പട്ടാളക്കാർ ഇവിടെ നിന്ന് നിരീക്ഷണവും നിയന്ത്രണവും നടത്തിയതായി പറയപ്പെടുന്നു.
1954 ൽ കൂത്തുപറമ്പ് ബ്ലോക്കിൻ്റെ ഭാഗമായി ഫർക്കു നിലവിൽവന്നു. 1956ൽ കൂത്തുപറമ്പ് NES ബ്ലോക്ക് സ്ഥാപിതമായി. മാഹി, കോഴിക്കോട് ജില്ല മുതൽ കൂട്ടുപുഴവരെ നീണ്ടുകിടന്ന ഇത് കേരളത്തിലെ ഏറ്റവും വലിയ NES ബ്ലോക്കായിരുന്നു. കൃഷി വികസനത്തിലും ഗതാഗത രംഗത്തും ഓട്ടേറെ പുരോഗതിക്ക് ഈ ബ്ലോക്ക് സംവിധാനം വഴി ഉണ്ടായി. കേന്ദ്ര സംസ്ഥാന പദ്ധതികൾ ഫലപ്രധമായി നടപ്പിലാക്കിയാണ് വയലോരഗ്രാമങ്ങളിൽ നിരവധി റോഡുകൾ അന്നുണ്ടാക്കിയത്.
പഞ്ചായത്തീരാജ് സംവിധാനം വന്നതോടെ NES ബ്ലോക്കുകൾ ബ്ലോക്ക് പഞ്ചായത്തുകളാകുകയും ഭരണ പ്രദേശങ്ങളുടെ വിസ്‌തൃതി കുറയുകയും ചെയ്‌തു. തുടക്കത്തിൽ ചിറ്റാരിപ്പറമ്പ്, മാങ്ങാട്ടിടം, വേങ്ങാട്, പന്നിയന്നൂർ, മൊകേരി, പാനൂർ, പാട്യം, കുന്നോത്തുപറമ്പ്, തൃപ്പങ്ങോട്ടൂർ, എന്നീ പഞ്ചായത്തുകളാണ് ബ്ലോക്ക് പഞ്ചായത്തിൽ ഉണ്ടായിരുന്നത്. കൂത്തുപറമ്പ് പഞ്ചായത്ത് മുൻസിപ്പാലിറ്റി ആയതിനാൽ ബ്ലോക്ക് പഞ്ചായത്തിൽ പെട്ടിട്ടില്ല. ഏറ്റവും ഒടുവിലുള്ള ഡിലിവിറ്റേഷൻ ശേഷം കൂത്തുപറമ്പ് ബ്ലോക്കിൽ ചിറ്റാരിപ്പറമ്പ്, മാങ്ങാട്ടിടം, കോട്ടയം, പാട്യം, കുന്നോത്തുപറമ്പി തൃപ്പങ്ങോട്ടൂർ എന്നീ പഞ്ചായത്തുകളാണ് ഉള്ളത്.