ഭൂമിശാസ്ത്രപരമായ വിശദാംശങ്ങൾ

 

കണ്ണൂർ ജില്ലയിൽ ഇടനാടിൻ്റെ മേഖലയിൽ ഉത്തരഅക്ഷാംശം 1 53' നും ദക്ഷിണ അക്ഷാംശം 11 42 പൂർവ്വരേഖാംശം 75° 49' പശ്ചിമ രേഖാംശം 11 31 ഇടയ്ക്കാണ് കൂത്തുപറമ്പിന്റെ സ്ഥാനം. ബ്ലോക്കിന്റെ കിഴക്ക് വയനാട് ജില്ലയുമായി ചേർന്നു നിൽക്കുന്ന ഉയർന്ന പ്രദേശങ്ങളും പടിഞ്ഞാറോട്ട് ചരിഞ്ഞവയുമാണ്. കുന്നുകളും ചരിവുകളും നിറഞ്ഞ മധ്യഭാഗത്ത് നീർച്ചാലുകളും വയലുകളും ഇടകലർന്നു കിടക്കുന്നു. ബ്ലോക്കിന്റെ പടിഞ്ഞാറൻ അതിർത്തിയിൽ നിന്നും കടൽ തീരത്തേക്കുള്ള കുറഞ്ഞ അകലം 5 കീ.മി മാത്രമാണ്. സമുദ്ര നിരപ്പിൽ നിന്നും 15 മീറ്റർ മുതൽ 200 മീറ്റർ വരെ ഉയരമുള്ള ഇത്തരം പ്രദേശം 20 ച.കി.മീ. വരുമെന്ന് കണക്കാക്കിയിട്ടുണ്ട്. പാട്യം പഞ്ചായത്തിന്റെ തെക്ക് പടിഞ്ഞാറൻ മേഖലകളിലാണ് ഈ പ്രദേശമുള്ളത്.

സമുദ്ര നിരപ്പിൽ നിന്നും 75 മീറ്റർ ഉയരമുള്ള മദ്ധ്യ സമതലമാണ് കൂത്തുപറമ്പ് ബ്ലോക്കിൽ ഏറ്റവും കൂടുതൽ ഉള്ളത്. മാങ്ങാടിടം ചിറ്റാരിപറമ്പ്, തൃപങ്ങോട്ടൂർ, കുന്നോത്ത് പറമ്പ് പഞ്ചായത്തുകളുടെ പടിഞ്ഞാറൻ ഭാഗം 112 ചകിമീ വരുന്ന പ്രദേശമാണ്. വടക്ക് കിഴക്കൻ ഭാഗങ്ങളിൽ നിന്നും പടിഞ്ഞാറ് ഭാഗത്തേക്ക് ചരിഞ്ഞ പ്രദേശം 30 ച കി.മി വരെയുണ്ട്. 75 മീ മുതൽ 750 മീ വരെ ഉയർന്ന പ്രദേശങ്ങൾ 15 ച. കി. മീ വരെയുണ്ടാകാം. വാഴമല, നരിക്കോട്ടുമല, കണ്ണവംമല എന്നിവ ഉൾക്കൊള്ളുന്ന പ്രദേശങ്ങളാണിവ. ഇങ്ങനെ മലനാട്, ഇടനാട്, സമതലം എന്നിങ്ങനെയുള്ള ഭൂപ്രദേശങ്ങളായി കൂത്തുപറമ്പിനെ തരംതിരിക്കാവുന്നതാണ്.

ചിറ്റാരിപറമ്പിന്റെ കിഴക്കു ഭാഗത്തുള്ള പറമ്പുക്കാവുമല പന്നോട്ടുമല അതൃകുഴിമല, വാഴമല, പന്നിയങ്കാവ് എന്നിവയാണ് പ്രധാനപ്പെട്ട മലനിരകൾ. ഗിരിവർഗ്ഗക്കാരുടെ ആവാസ കേന്ദ്രങ്ങളാണിത്. റിസർവ്വ് വനങ്ങളുടെ സമീപ്യവുമുള്ള  ഫലഭൂവിഷ്ടമായ വന  മണ്ണാണിവിടെ ഉള്ളത്. അശാസ്ത്രീയമായ ഇടപെടൽ കാരണം മണ്ണിന്റെ ഘടനയിലും ഗുണത്തിലും ഗണ്യമായ മാറ്റം വന്നിട്ടുണ്ട്. ഇടനാടാണെന്ന് കണക്കാക്കാവുന്ന മധ്യസമതലം ധാരാളം  എന്ന  കുന്നുകളും താഴ്വരകളും കൊണ്ട് നിറഞ്ഞതാണ്. കുന്നോത്ത്പറമ്പ് എന്ന പഞ്ചായത്തിന്റെ പേരിൽ തന്നെ കുന്നുകളുടെ സാന്നിദ്ധ്യം സൂചിപ്പിക്കുന്നു. ചിറ്റാരിപറമ്പിലാണ് ഏറ്റവും കൂടുതൽ കുന്നുകളുള്ളത്. മുള്ളൻകുണ്ട് കുന്ന്, അമ്മാറബ് കുന്ന്, ഒറ്റത്തടം കുന്ന്, എന്നാച്ചിക്കുന്ന്, ചടയൻ കുന്ന്, കാപ്പും കുന്ന്, ചെറിയോടിക്കുന്ന്, കോട്ടാൽകുന്ന്, കാഞ്ഞിരംകുന്ന്, ഇടുംമ്പക്കുന്ന്, വലിയാറ്റകുന്ന് എന്ന് തുടങ്ങി ചിറ്റാരിപറമ്പില്‍ 42 കുന്നുകളുണ്ട്. മോഹനഗിരി, കിളിതിന്നിക്കുന്ന്, പാറാട്ട്കുന്ന്, പാലയാടൻകുന്ന്, കല്ലിൻപ്പുനം,പൊന്നിടിഞ്ഞ് കുന്ന്, അരിക്കൽ കുന്ന് എന്നിവ കുന്നോത്ത് പറമ്പിലും കാണപ്പെടുന്ന പ്രധാന കുന്നുകളാണ്. കൂത്തുപറമ്പ് ബ്ലോക്ക് പ്രദേശത്ത് ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന തൃപ്പങ്ങോട്ടൂർ, കുന്നോത്ത് പറമ്പ് ഗ്രാമപഞ്ചായത്തുകളിലാണ് ഏറ്റവും കൂടുതൽ കുടിവെള്ള ക്ഷാമമണ്ടാകുന്നത് എന്നത് ഏറെ വിചിത്രവും പ്രതിവിധിയർഹിക്കുന്നതുമാണ്.

ചരൽ കലർന്ന വെട്ടുകൽ മണ്ണാണ് ഏറ്റവും കൂടുതൽ കാണപ്പെടുന്നത്. കുന്നിന്‍ പ്രദേശങ്ങളില്‍ ലാറ്ററൈറ്റ് പാറ സുലഭമായി കാണുന്നതിനാല്‍ ഇവിടെ വെട്ടുകല്‍ ഖനനം തകൃതിയായി നടക്കുന്നു. മൺതരങ്ങള്‍ അമ്ലത കൂടിയതാണ്. 5.5 മുതല്‍ പി.എച്ച് മൺതരങ്ങലുണ്ട്.  മൊത്തം 166.58 ച.കി.മി. വരുന്ന ബ്ലോക്ക് ഏരിയയിൽ 96 ച.കി.മീ വ്യാപിച്ചുകിടക്കുന്ന  വിശാലമായ ചെമ്മൺ ശേഖരമാണുള്ളത്. മണ്ണിന്റെ ആഴവും ജലലഭ്യതയുമനുസരിച്ച് തെങ്ങ്, കവുങ്ങ് കൃഷിക്കാണ് ഇവിടെ പ്രാമുഖ്യം. ജലലഭ്യതയില്ലാത്ത പാറപ്രദേശങ്ങളിൽ അപൂർവ്വമായി റബ്ബറും കൃഷി ചെയ്ത‌് വരുന്നു. തെങ്ങും കശുമാവും കഴിഞ്ഞാൽ കുരുമുളകിനാണ് പ്രമുഖ്യം. റിസർവ്വ് ഫോറസ്റ്റുമായി തൊട്ട് നിൽക്കുന്ന കിഴക്കൻ മലമ്പ്രദേശങ്ങൾ 20 ച.കി.മി ഉണ്ടാകും. വളരെ ഫലഭൂയിഷ്ട‌മായ വനമണ്ണ് ശേഖരം ഇവിടെയുണ്ട്. വെട്ടുപാറകളും ലോഹക്കൂട്ടുമുള്ള ഉരുളൻ പാറകളും കരിങ്കലും നിറഞ്ഞ പ്രദേശമാണിത്. എന്നിരുന്നാലും 5-10 മീറ്റർ ആഴത്തിൽ വെള്ളം കിട്ടുന്ന മലമ്പ്രദേശങ്ങൾ നിരവധിയാണ്. ഗിരി വർഗ്ഗക്കാരായ കുറിച്ച്യരും ചെറിയൊരു ശതമാനം പണിയരുമാണ് ഇവിടെ താമസിച്ചു പോരുന്നത്. പശിമരാശിയുള്ള അലുവിയൽമണ്ണും പൂഴിമണ്ണും ഇടകലർന്ന പടിഞ്ഞാറൻ ഭാഗങ്ങൾ 11 ചകിമീ ഉണ്ട്. പാട്യം പഞ്ചായത്തിൻ്റെ പടിഞ്ഞാറു ഭാഗത്തായിട്ടാണ് ഈ ഭൂവിഭാഗമുള്ളത്. 

വനമേഖലയിലെ ചോലകളും നദികളും ആവാസ വ്യവസ്ഥയും പ്രകൃതിയെ നോവിക്കാതെ ഉപജീവനം നടത്തുന്ന മനുഷ്യരും, എല്ലാം ഭാവിക്ക് വേണ്ടതാണ് എന്ന അവരുടെ ബോധ്യവും, പരസ‌പരം സ്നേഹിക്കാനും, കൊള്ളാനും, കൊടുക്കാനും ഉള്ള അവരുടെ മനസ്സും എല്ലാം ചേരുമ്പോൾ ഇവിടം ദൈവത്തിൻ്റെ സ്വന്തം നാട് തന്നെയാകുന്നു.

പുനം കൃഷി ചെയ്യുമ്പോഴും പ്രാർത്ഥനയോടെ പരിഹാരം ചെയ്‌തിരുന്ന തലമുറകൾ, മണ്ണിന്റെ മനസ്സറിഞ്ഞവർ, മണ്ണിൻ്റെ രചനയും ഘടനയും മാറാതെ, മാറ്റത്തെ കാത്തവർ, ജലചക്രത്തിന്റെ താളത്തിനൊത്ത് ജീവിച്ച് ശീലിച്ചവർ മറ്റ് ജീവിത മാർഗ്ഗങ്ങളെ കരുതലോടെ കാത്തവ, ആഹ്ളാതത്തിലും ആരവങ്ങളില്ലാതെ, ദുരിതങ്ങളിൽ ദയ വായ്പോടെ സ്ഥിര നന്മ മാത്രം സ്വപ്നം കണ്ട ഒരു ജനതതിയുടെ സംഗമഭൂമി. ജൈവ വൈവിധ്യത്തിൻ്റെ കലവറയായ ഈ പ്രദേശത്തിന് ഗിരി വർക്കാരുടെ കാവലുണ്ടായിരുന്നെങ്കിലും കാലത്തിൻ്റെ കുത്തൊഴുക്കിൽ എല്ലാം തകിടം മറിയുകയാണ്. കുടിയേറ്റ സംസ്‌കൃതി അൽപാൽപമായി ഈ പ്രദേശങ്ങളെ വിഴുങ്ങുകയാണ്. ഉപജീവി ഉപാധി എന്നതിനപ്പുറത്ത് ലാഭകേന്ദ്രങ്ങളായി ഈ പ്രദേശങ്ങളെ കാണുന്നവരുടെ - മാറ്റുന്നവരുടെ എണ്ണം കൂടിക്കൂടി വരുന്നു എന്നത് ആശങ്കപ്പെടുത്തുന്നതാണ്.

സമതല പ്രദേശങ്ങൾ പുരയിടവും ഹ്രസ്വകാല വിളകളും ഉള്ള ഭൂപ്രദേശങ്ങളായിരുന്നു. പരിസ്ഥിതി സന്തുലിതമായ ഒരു കാർഷിക രീതി അന്നുണ്ടായിരുന്നു. വിളപര്യാപ്ത‌ത ഉറപ്പാവുന്ന ഹൃസ്വ കാല വിളകൾ, ബഹുതല കൃഷി സമ്പ്രദായം അവലംബിച്ച പുരയിടങ്ങൾ, വിള വിസ്തൃതി പരമാവധി വർദ്ധിപ്പിച്ച് കൊണ്ടുള്ള കാർഷിക സമീപനം. മേൽ മണ്ണിൻ്റെ സംരക്ഷണം, അന്തരീക്ഷത്തിന്റെ ആർദ്രത നിലനിർത്തൽ, ഭൂഗർഭജല സംരക്ഷണം, ഉപരിതല ജലസംരക്ഷണം എന്നിവയും ഉറപ്പാക്കപ്പെട്ടിരുന്നു. ജൈവ വള ലഭ്യത ഉറപ്പാക്കുന്ന തരത്തിൽ കന്നുകാലി സമ്പത്ത് പരസ്‌പര പൂരകവും സമഗ്രവും സംയോജിതവുമായ കാർഷിക സംസ്‌കാരം പുലർന്നിരുന്ന ഒരു കാലഘട്ടമായിരുന്നു നമ്മുടെ പൈത്യകം.

  • ഭൂപടം